PALLIPAD TODAY SCIENCE ALERT
മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയുടെ അടുത്തെത്തും


സൂര്യനില്‍ വന്‍സ്‌ഫോടനം; ഭൂമിക്ക് ഭീഷണിയില്ല

Solar Flare Eruptsനാസ: സൗരയൂഥ കേന്ദ്രമായ സൂര്യനിലുണ്ടായ വന്‍സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പുറത്തുവിട്ടു. സ്‌ഫോടനത്തെ തുടര്‍ന്ന് സൂര്യന്റെ ഉപരിതലത്തില്‍ കാന്തികപ്രഭാവമുള്ള മേഘം രൂപപ്പെട്ടുവെന്നും പിന്നീടത് പിന്‍വലിഞ്ഞുവെന്നും നാസ അധികൃതര്‍ അറിയിച്ചു. 

സൂര്യനിലെ സ്‌ഫോടനം ഭൂമിയ്ക്ക് ഭീഷണിയാവില്ലെങ്കിലും ഭൂമിയുടെ കാന്തികമേഖലയില്‍ ചെറിയ ആഘാതം സൃഷ്ടിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഇതുണ്ടാകുമെന്നും അവര്‍ അറിയിച്ചു.

സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി എന്ന ഉപഗ്രഹമാണ് സൂര്യനിലെ സ്‌ഫോടനദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. അതേ സമയം സൂര്യനില്‍ നിന്നുള്ള കാന്തിക പ്രഭാവം വര്‍ദ്ധിയ്ക്കുന്നത് കൃത്രിമ ഉപഗ്രഹങ്ങളുടെയും പവര്‍ഗ്രിഡുകളുടെയും പ്രവര്‍ത്തനത്തെ ചെറിയ തോതിലെങ്കിലും ബാധിയ്ക്കുമെന്ന് ശാസ്ത്രജ്ഞര്‍ക്ക് ആശങ്കയുണ്ട്.
മാര്‍ച്ച് 19ന് ചന്ദ്രന്‍ ഭൂമിയുടെ അടുത്തെത്തും


ലണ്ടന്‍: രണ്ടു ദശാബ്ദത്തിനിടെ ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തെത്തുന്നു. മാര്‍ച്ച് 19 നാണ് ചന്ദന്റെ ഭ്രമണപഥം ഭൂമിയുടെ ഏറ്റവും അടുത്തുകൂടെ (221,567 മൈല്‍ )കടന്നുപോകുന്നത്. 

സൂപ്പണ്‍ മൂണ്‍ എന്ന ഈ പ്രതിഭാസം ഭൂമിയില്‍ കാലാവസ്ഥാമാറ്റമുണ്ടാക്കുമോ എന്ന സംശയത്തിലാണ് ശാസ്ത്രജ്ഞന്മാര്‍. 

ഇതിനുമുമ്പ് 1992 ലാണ് സമാനമായ രീതിയില്‍ ചന്ദ്രന്‍ ഭൂമിയുടെ ഏറ്റവും അടുത്തുകൂടി കടന്നുപോയത്. 1955 ലും 1974 ലും 1992 ലും 2005 ലും ഇത്തരത്തില്‍ ചന്ദന്‍ ഭൂമിയുടെ സമീപത്തുകൂടി കടന്നുപോയപ്പോള്‍ ഭൂചലനവും കാലാവസ്ഥാ മാറ്റവും ഉണ്ടായതായി ചില ശാസ്ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നുണ്ട്.
പരാജയം ചന്ദ്രയാനെ ബാധിക്കില്ല 
ജി‌എസ്‌‌എല്‍‌വി വിക്ഷേപണ പരാജയം ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൌത്യത്തിനെ ബാധിക്കില്ല എന്ന് ഐ‌എസ്‌ആര്‍‌ഒ. 2013-ല്‍ നിശ്ചിത സമയത്ത് തന്നെ ചന്ദ്രയാന്‍ ദൌത്യം നടക്കുമെന്ന് ഐ‌എസ്‌ആര്‍‌ഒ ചെയര്‍മാന്‍ കെ രാധാകൃഷ്ണന്‍ അറിയിച്ചു.
ജി‌എസ്‌എല്‍‌വി വിക്ഷേപണ പരാജയം ചാന്ദ്ര ദൌത്യത്തെ ബാധിക്കുമെന്ന ആശങ്ക നിലനിക്കെയാണ് ചെയര്‍മാന്റെ വിശദീകരണം വന്നിരിക്കുന്നത്. ഐ‌എസ്‌ആര്‍‌ഒയിലെ തന്നെ ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വിക്ഷേപണ പരാജയം ചന്ദ്രയാനെ ബാധിച്ചേക്കുമെന്ന് പറഞ്ഞിരുന്നു.
റഷ്യന്‍ നിര്‍മ്മിത ക്രയോജനിക് എഞ്ചിന്റെ സഹായത്തോടെയാവും ചന്ദ്രയാന്‍-2 ബഹിരാകാശത്തേക്ക് കുതിക്കുക. ഓര്‍ബിറ്റര്‍, ലാന്‍ഡര്‍, റോവര്‍ എന്നിങ്ങനെ മൂന്ന് പ്രധാന ഭാഗങ്ങളാണ് ദൌത്യത്തിനുണ്ടാവുക. ഇതില്‍, റോവറും ഓര്‍ബിറ്ററും ഇന്ത്യയും ലാന്‍ഡര്‍ റഷ്യയും വികസിപ്പിക്കും.
ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കുക. ബഹിരാകാശ വാഹനത്തിന് 2,650 കിലോഗ്രാം ഭാരമുണ്ടായിരിക്കും. ഓര്‍ബിറ്ററിന് 1,400 കിലോഗ്രാം ഭാരവും ലാന്‍ഡറിന് 1,250 കിലോഗ്രാം ഭാരവും ഉണ്ടായിരിക്കും.
ഉപഗ്രഹതകര്‍ച്ച ഇന്ത്യന്‍ ബഹിരാകാശ ഗവേഷണത്തെ ബാധിക്കുമോ?
ഇന്ത്യയുടെ വിവിധോദ്ദേശ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 5 പി ഉപഗ്രഹ വിക്ഷേപണത്തിന്റെ പരാ‍ജയം രാജ്യത്തിന്റെ  ഉപഗ്രഹവിക്ഷേപണ വ്യവസായത്തിന് തിരിച്ചടിയാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത് രണ്ടാം തവണയാണ് വിക്ഷേപണം പരാ‍ജയപ്പെടുന്നത്. ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്ന് ശനിയാഴ്ച വൈകിട്ട് 4.01 ന് കുതിച്ചുയര്‍ന്ന  ജിഎസ്എല്‍വി-എഫ് 06 റോക്കറ്റ്  43-മത് സെക്കന്റില്‍ നിയന്ത്രണം വിട്ട് കത്തിയമര്‍ന്ന്കടലില്‍ പതിക്കുകയായിരുന്നു.  ഏപ്രില്‍ 15 നു നടന്ന ജിഎസ്എല്‍വി -ഡി3യുടെ വിക്ഷേപണവും പരാ‍ജയമായിരുന്നു. ഇന്ത്യന്‍നിര്‍മ്മിത ക്രയോജനിക് സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയായിരുന്നു വിക്ഷേപണമെങ്കിലും പരാജയത്തില്‍ കലാശിക്കുകയായിരുന്നു. 2013-14 ല്‍ നടക്കേണ്ട ചന്ദ്രയാന്‍ -2, 2016 ല്‍ ഇന്ത്യക്കാരനെ ചന്ദ്രനില്‍ എത്തിക്കാനുള്ള ദൗത്യം എന്നിവ ബാക്കിനില്‍ക്കെയാണ്  ഈ വിക്ഷേപണ പരാ‍ജയം. ഇതിനെ അതിജീവിക്കാന്‍ ഐഎസ് ആര്‍ ഒയിക്ക് കഴിയുമെന്നിരിക്കിലും കുതിച്ചു ചാട്ടത്തിന്റെ വക്കില്‍ നില്‍ക്കുന്ന ഭാരതത്തിന്റെ വാര്‍ത്താവിനിമയ രംഗത്തിന്റെ വേഗത അല്‍പ്പമൊന്നു കുറയാന്‍ ഇത് കാരണമായേക്കും . കാരണം ഇന്ത്യയുടെ ടെലിവിഷന്‍ പ്രക്ഷേപണ രംഗം ഉള്‍പ്പെടെയുള്ള വിവിധമേഖലകളുടെ ആവശ്യങ്ങള്‍ പരിഹരിച്ചിരുന്ന ഇന്‍സാറ്റ് ഉപഗ്രഹങ്ങളുടെ കാലാവധി തീരാറായി. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ആവശ്യത്തെ ഏറ്റവുമെളുപ്പം നിറവേറ്റാനാവുന്ന തരത്തില്‍ പുതിയ ഉപഗ്രഹം തയ്യാറാകേണ്ടിയിരിക്കുന്നു.ഐഎസ് ആര്‍ ഒയിക്ക് ഇക്കാര്യത്തില്‍ ഏറ്റവുമധികം സമ്മര്‍ദ്ദങ്ങളോടെയാവും പ്രവര്‍ത്തിക്കേണ്ടതായിവരിക.

ജി.എസ്.എല്‍.വി.മാര്‍ക്ക് -3ലെ സ്ട്രാപ്പ് ഓണ്‍ ബൂസ്റ്ററിന്റെ ഗ്രൗണ്ട് ടെസ്റ്റ് ഇന്ന്

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഭാവി പര്യവേക്ഷണങ്ങള്‍ക്ക് ശക്തിപകരാനായി ഐ.എസ്. ആര്‍.ഒ സ്വന്തമായി വികസിപ്പിച്ച ദ്രവഇന്ധന റോക്കറ്റിന്റെ ഗ്രൗണ്ട് ടെസ്റ്റ് ഇന്ന് ശ്രീഹരിക്കോട്ടയില്‍ നടക്കും. ജി.എസ്.എല്‍.വി.മാര്‍ക്ക് -3ലെ സ്ട്രാപ്പ് ഓണ്‍ ബൂസ്റ്ററാണ് ഇന്ന് ടെസ്റ്റുചെയ്യുന്നത്. 207 ടണ്‍ ദ്രവഇന്ധനമാണ് ബൂസ്റ്ററില്‍ ഉപയോഗിക്കുന്നത്. 22 മീറ്റര്‍ ഉയരവും 3.2 മീറ്റര്‍ വ്യാസവുമുള്ള ബൂസ്റ്ററിലെ ദ്രവഇന്ധനം ജ്വലിപ്പിച്ചാണ് പരീക്ഷണം ചെയ്യുന്നത്.

in reference to: പള്ളിപ്പാട് ടുഡേ (view on Google Sidewiki)
ഗലീലിയോ ഗലീലി
(ഫെബ്രുവരി 15, 1564 – ജനുവരി 8 1642) ഭൗതികശാസ്ത്രജ്ഞന്‍, വാന നിരീക്ഷകന്‍, ജ്യോതിശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍ എന്നീ നിലകളിലൊക്കെ കഴിവുതെളിയിച്ച ഇറ്റലിക്കാരനായിരുന്നു. മരിച്ച് 350 കൊല്ലം കഴിഞ്ഞിട്ടും ലോകത്തെ ഏറ്റവും വലിയ ശാസ്ത്രജ്ഞന്മാരുടെ കൂട്ടത്തിലാണ് ഗലീലിയോയുടെ സ്ഥാ‍നം. പ്രകൃതിയെ സംബന്ധിച്ച പല പഴയ വിശ്വാസങ്ങളും തെറ്റാണെന്ന് ആദ്യമായി തെളിയിച്ചത് അദ്ദേഹമായിരുന്നു.
ഇറ്റലിയിലെ പിസ്സയില്‍ 1564-ല്‍ ജനിച്ച ഗലീലിയോ ഒരു ഗണിതജ്ഞനായ കച്ചവടക്കാരന്റെ മകനായിരുന്നു. സംഗീതത്തിലും ചിത്രമെഴുത്തിലും തല്പരനായിരുന്ന ഈ കുട്ടി ശാസ്ത്രീയ കളിപ്പാട്ടങ്ങളുണ്ടാക്കി കുട്ടിക്കാലത്ത് കളിച്ചു. നിരീക്ഷണശീലം അന്നേയുണ്ടായിരുന്നു. ഒരിക്കല്‍ പ്രാര്‍ത്ഥിക്കാന്‍ പോയ നേരത്ത് പള്ളിയില്‍ ചങ്ങലയില്‍ തൂങ്ങിയ തട്ടില്‍ മെഴുകുതിരി കത്തിക്കുന്നത് കണ്ടു. വിട്ടപ്പോള്‍ ചങ്ങല ആടുകയുണ്ടായി. കൂടുതല്‍ നേരം ആടുമ്പോള്‍ ആടുന്ന ദൂരം കുറഞ്ഞുവരുന്നത് ഗലീലിയോ ശ്രദ്ധിച്ചു. ദൂരം കുറയുമെങ്കിലും ആട്ടത്തിനെടുക്കുന്ന സമയം കുറയുന്നില്ലെന്ന് തോന്നി. അന്നു സമയം നോക്കാന്‍ വാച്ചില്ലായിരുന്നു. എങ്കിലും പരീക്ഷിച്ചു നോക്കാന്‍ നാടിമിടിപ്പുകള്‍ എണ്ണിനോക്കി. തന്റെ ആശയം ശരിയാണെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഇത് വച്ചുകൊണ്ടാണ് അദ്ദേഹം പെന്‍ഡുലം നാഴികമണി വികസിപ്പിച്ചെടുത്തത്.
'ചാരക്കണ്ണാടി' (spyglass) എന്ന്‌ അറിയപ്പെട്ടിരുന്ന ദൂരദര്‍ശിനി (Telescope) ഗലീലിയോ പരിഷ്കരിച്ച് മെച്ചപ്പെടുത്തി. ആകാശഗോളങ്ങളെ അദ്ദേഹം അതിലൂടെ നിരീക്ഷിച്ചു. 1609-ലാണ് ഈ സംഭവം നടന്നത്. അങ്ങനെ ദൂരദര്‍ശിനി ഉപയോഗിച്ച് വാനനിരീക്ഷണം നടത്തിയ ആദ്യത്തെ വ്യക്തി ഗലീലിയോ ആയി. സ്വര്‍ഗവും (ആകാശം) അതിലെ വസ്‌തുക്കളും കുറ്റമറ്റതാണെന്ന അരിസ്‌റ്റോട്ടിലിയന്‍ സങ്കല്‍പ്പത്തിന്‌ നില്‍ക്കക്കള്ളിയില്ലാതായി.

ഗലീലിയോയും ദൂരദര്‍ശിനിയും-അല്പം ചരിത്രം

ഒരു കുഴലിനുള്ളില്‍ ഉത്തല, അവതല ലെന്‍സുകള്‍ 14 ഇഞ്ചോളം ദൂരത്തില്‍ സ്ഥാപിച്ച്‌ അതിലൂടെ നോക്കിയാല്‍ അകലെയുള്ള വസ്‌തുക്കള്‍ അടുത്ത കാണാം എന്ന്‌ ആരോ കണ്ടെത്തി. 'ചാരക്കണ്ണാടി' എന്ന്‌ പേരിട്ട ആ ഉപകരണം പെട്ടെന്ന്‌ പ്രചരിച്ചു. ആ ഹേമന്തത്തില്‍ ഫ്രാങ്ക്‌ഫര്‍ട്ടില്‍ അജ്ഞാതനായ ഒരു വില്‍പ്പനക്കാരന്‍ ചാരക്കണ്ണാടിയുമായെത്തി. 'ദൂരെയുള്ളവ കാണാന്‍ കഴിയുന്ന ഉപകരണ'ത്തിന്‌ പേറ്റന്റ്‌ വേണം എന്നു കാണിച്ച്‌ ഹോളണ്ടില്‍ മിഡില്‍ബര്‍ഗില്‍ നിന്നുള്ള കണ്ണടനിര്‍മാതാവ്‌ ഹാന്‍സ്‌ ലിപ്പെര്‍ഷെ[1] ഹേഗിലെ അധികാരികള്‍ക്ക്‌ മുമ്പില്‍ 1608 ഒക്ടോബര്‍ രണ്ടിന്‌ അപേക്ഷ നല്‍കി. രണ്ടാഴ്‌ചയ്‌ക്കുള്ളില്‍ ഇതേ ഉപകരണത്തിന്‌ പേറ്റന്റ്‌ ആവശ്യപ്പെട്ട്‌ മറ്റ്‌ രണ്ട്‌ പേര്‍ കൂടി അപേക്ഷ സമര്‍പ്പിച്ചു. ഹോളണ്ടിലെ അല്‍ക്ക്‌മാറില്‍ നിന്നുള്ള ജേക്കബ്ബ്‌ ആഡ്രിയേന്‍സൂന്‍, മിഡില്‍ബര്‍ഗില്‍ നിന്ന്‌ തന്നെയുള്ള മറ്റൊരു കണ്ണടനിര്‍മാതാവായ സക്കറിയാസ്‌ ജാന്‍സ്സെന്‍ എന്നിവരായിരുന്നു പുതിയ അപേക്ഷകര്‍. ഒരേ ഉപകരണത്തിന്റെ കണ്ടുപിടിത്തത്തിന്‌ ഒന്നിലേറെ അപേക്ഷകരെത്തിയതോടെ, അത്‌ പേറ്റന്റ്‌ അര്‍ഹിക്കുന്നില്ലെന്ന നിഗനമത്തില്‍ സ്റ്റേറ്റ്‌സ്‌ ജനറല്‍ എത്തി.
ചാരക്കണ്ണാടിയെക്കുറിച്ച്‌ ഗലീലിയോ കേള്‍ക്കുന്നത്‌, 1609 ജൂലായില്‍ വെനീസ്‌ സന്ദര്‍ശിക്കുന്ന വേളയിലാണ്‌. ദൂരെയുള്ള വസ്‌തുക്കള്‍ അടുത്തു കാണാന്‍ കഴിയുന്ന ഉപകരണത്തിന്റെ വാണിജ്യ, സൈനിക സാധ്യതകളെക്കുറിച്ചാണ്‌ ഗലീലിയോ ആദ്യം ചിന്തിച്ചത്‌. ചാരക്കണ്ണാടിയെ തനിക്ക്‌ ഗുണകരമാക്കി മാറ്റുന്നതെങ്ങനെ എന്ന ചിന്തയോടെ വെനീസില്‍ കഴിയുമ്പോള്‍, ആഗസ്‌തില്‍, ഒരു ഡച്ചുകാരന്‍ ചാരക്കണ്ണാടിയുമായി പാദുവയിലെത്തിയതായി അറിഞ്ഞു. ഗലീലിയോ തിടുക്കത്തില്‍ പാദുവയില്‍ എത്തുമ്പോഴേക്കും ഡച്ചുകാരന്‍ അവിടംവിട്ട്‌ വെനീസിലെത്തിയിരുന്നു. നിരാശനായ ഗലീലിയോ സ്വന്തമായി ചാരക്കണ്ണാടി നിര്‍മിക്കാന്‍ തീരുമാനിച്ചത്‌ അങ്ങനെയാണ്‌. പരീക്ഷണങ്ങള്‍ക്കും മറ്റുമായി ഉപകരണങ്ങള്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്‌ധനായ അദ്ദേഹം, വെറും കേട്ടറിവ്‌ വെച്ചുകൊണ്ടുതന്നെ അതുവരെ നിര്‍മിക്കപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും മികച്ച ദൂരദര്‍‍ശിനി 24 മണിക്കൂറിനുള്ളില്‍ തന്റെ വര്‍ക്ക്‌ഷോപ്പില്‍ രൂപപ്പെടുത്തി. ആ മാസം തന്നെ പത്തുമടങ്ങ്‌ ശേഷിയുള്ള ദൂരദര്‍‍ശിനി നിര്‍മിച്ച്‌ വെനീസിലെത്തി സെനറ്റിന്‌ മുന്നില്‍ അത്‌ പ്രവര്‍ത്തിപ്പിച്ചു കാട്ടി. ആ പ്രകടനം വന്‍വിജയമായി. വെനീസ്‌ രാജാവും സെനറ്റും ഗലീലിയോയുടെ ശമ്പളം പ്രതിവര്‍ഷം ആയിരം ക്രൗണ്‍ ആയി വര്‍ധിപ്പിച്ചു. ആ ഒക്ടോബറില്‍ ദൂരദര്‍‍ശിനിയുമായി ഫ്‌ളോറന്‍സിലും ഗലീലിയോ പര്യടനം നടത്തി. തന്റെ പൂര്‍വവിദ്യാര്‍ഥികൂടിയായ കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ മുന്നില്‍ ആ ഉപകരണത്തിന്റെ സവിശേഷതകള്‍ ഗലീലിയോ കാട്ടിക്കൊടുത്തു.
അത്ഭുതകരമായ ആ ഉപകരണം ആകാശനിരീക്ഷണത്തിനുള്ളതായി ആദ്യം ഗലീലിയോയ്‌ക്ക്‌ തോന്നിയിരുന്നില്ല; കോസിമോ രണ്ടാമന്‍ പ്രഭുവിന്‌ അതുപയോഗിച്ച്‌ ചന്ദ്രപ്രതലത്തിലെ കുന്നുകളും ഗര്‍ത്തങ്ങളും കാട്ടിക്കൊടുത്തെങ്കിലും. 1609 നവംബറായപ്പോഴേക്കും 20 മടങ്ങ്‌ ശേഷിയുള്ള ദൂരദര്‍‍ശിനി നിര്‍മിക്കുന്നതില്‍ ഗലീലിയോ വിജയിച്ചു. നവംബര്‍ 30-ന്‌ പാദുവയില്‍ തന്റെ അപ്പാര്‍ട്ട്‌മെന്റിന്‌ പിന്നിലെ പൂന്തോട്ടത്തിലേക്ക്‌ ദൂരദര്‍‍ശിനിയുമായി ഗലീലിയോ ഇറങ്ങി. എഴുതാനും വരയ്‌ക്കാനും പാഡും പേനയുമൊക്കെ ഒപ്പം കരുതിയായിരുന്നു. ദൂരദര്‍‍ശിനി അന്ന്‌ ചന്ദ്രന്‌ നേരെ തിരിച്ചു, കണ്ട കാര്യങ്ങള്‍ കുറിച്ചു വെയ്‌ക്കാനും സ്‌കെച്ച്‌ ചെയ്യാനും തുടങ്ങി... അതോടെ വെറുമൊരു കളിപ്പാട്ടമോ നാവിക ഉപകരണമോ അല്ലാതായി ടെലസ്‌കോപ്പ്‌ മറി. പ്രപഞ്ചത്തെ അറിയാനുള്ള ശക്തമായ ഉപാധിയായി ആ രാത്രികൊണ്ട്‌ ചാരക്കണ്ണാടിക്ക് പരിണാമം സംഭവിച്ചു. ലോകം മാറാന്‍ തുടങ്ങിയത്‌ ആ രാത്രിയാണ്‌.

വ്യാഴ്ത്തിന്റെ ചന്ദ്രന്മാര്‍

1610 ജനവരി ഏഴ്‌. ആഴ്‌ചകളായി ഗലീലിയോ രാത്രിയെ പകലാക്കുകയായിരുന്നു, ആകാശനിരീക്ഷണത്തിന്‌. അതുവരെ കാണാതിരുന്ന മൂന്ന്‌ നക്ഷത്രങ്ങള്‍ അന്ന്‌ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെട്ടു. വ്യാഴത്തിന്‌ സമീപത്തായിരുന്നു അവ. ആകാശഗംഗയിലെ പ്രകാശധോരണി നക്ഷത്രങ്ങളുടെ കൂട്ടങ്ങളാണെന്ന്‌ കണ്ടിരുന്നതിനാല്‍, പുതിയതായി മൂന്ന്‌ നക്ഷത്രങ്ങളെ കണ്ടതില്‍ എന്തെങ്കിലും പ്രത്യേകത അദ്ദേഹത്തിന്‌ ആദ്യം തോന്നിയില്ല. 'വലിപ്പക്കുറവ്‌ മൂലം നഗ്നനേത്രങ്ങളാല്‍ കാണാന്‍ കഴിയാത്ത മൂന്ന്‌ നക്ഷത്രങ്ങളെ ഇന്ന്‌ കണ്ടു'വെന്ന്‌ ഒരു കത്തില്‍ ഗലീലിയോ എഴുതി. കണ്ടതിനെക്കുറിച്ച്‌ അദ്ദേഹം കുറിച്ചുവെച്ചു; മൂന്നു നക്ഷത്രങ്ങളില്‍ രണ്ടെണ്ണം വ്യാഴത്തിന്‌ കിഴക്കും ഒരെണ്ണം പടിഞ്ഞാറും.
വ്യാഴവും പുതിയ നക്ഷത്രങ്ങളും ഒരേ നിരയിലാണ്‌ സ്ഥിതിചെയ്യുന്നത്‌ എന്നതിലെ കൗതുകം കൊണ്ടാകാം, പിറ്റേന്ന്‌ വൈകിട്ടും വ്യാഴത്തിന്‌ നേരെ ഗലീലിയോ ദൂരദര്‍ശനി തിരിച്ചു. ഇത്തവണ മൂന്ന്‌ നക്ഷത്രങ്ങളും വ്യാഴത്തിന്‌ പടിഞ്ഞാറാണെന്ന കാര്യം അദ്ദേഹത്തെ അമ്പരപ്പിച്ചു. അതുവരെയുള്ള നിരീക്ഷണങ്ങളെല്ലാം പറയുന്നത്‌ വ്യാഴം കിഴക്കോട്ടാണ്‌ പരിക്രമണം ചെയ്യുന്നത്‌ എന്നാണ്‌, പിന്നെയെങ്ങനെ താന്‍ കണ്ടത്‌ സംഭവിക്കും-അദ്ദേഹം ആലോചിച്ചു. പിറ്റേ ദിവസം ആകാശം മേഘാവൃതമായിരുന്നു. ജനവരി പത്തിന്‌ വീണ്ടും നീരീക്ഷിച്ചു, ഇത്തവണ രണ്ട്‌ നക്ഷത്രങ്ങളെയേ കണ്ടുള്ളു. ഒരെണ്ണത്തെ വ്യാഴം മറച്ചിരിക്കുകയാണെന്ന്‌ ഗലീലിയോയ്‌ക്ക്‌ മനസിലായി. നക്ഷത്രങ്ങളുടെ ഈ സ്ഥാനമാറ്റം ഏത്‌ തോതിലാണ്‌, വ്യാഴം എങ്ങനെ ചലിച്ചാല്‍ ഇത്‌ സാധിക്കും എന്ന്‌ മനസിലാക്കാന്‍ ദിവസങ്ങളോളം ശ്രമകരമായ നിരീക്ഷണവും പഠനവും നടത്തിയപ്പോള്‍ ഗലീലിയോയ്‌ക്ക്‌ ഒരു കാര്യം വ്യക്തമായി -വ്യാഴമല്ല, ആ നക്ഷത്രങ്ങളാണ്‌ ചലിക്കുന്നത്‌ !
ഒരു രാത്രി നാലാമതൊരു നക്ഷത്രത്തെക്കൂടി വ്യാഴത്തിന്‌ സമീപം ഗലീലിയോ കണ്ടു. `മൂന്നെണ്ണം പടിഞ്ഞാറും ഒന്ന്‌ കിഴക്കും'-അദ്ദേഹം കുറിച്ചുവെച്ചു. അതുവരെ പുതിയ നക്ഷത്രങ്ങള്‍ ഓരോ ദിവസവും വ്യാഴത്തിന്റെ ഏത്‌ വശങ്ങളിലാണ്‌ എന്നുമാത്രമേ രേഖപ്പെടുത്തിയിരുന്നുള്ളൂ. പിന്നീട്‌ നിരീക്ഷണം കുറച്ചുകൂടി സൂക്ഷ്‌മമാക്കി, ഇടവേളകള്‍ ഇടവിട്ട്‌ നിരീക്ഷിക്കാന്‍ തുടങ്ങി. ഓരോ സമയത്തും നക്ഷത്രങ്ങളുടെ സ്ഥാനം മനസിലാക്കി രേഖപ്പെടുത്തി. ഒടുവില്‍ അദ്ദേഹം നിര്‍ണായകമായ ആ നിഗമനത്തിലെത്തി, താന്‍ കണ്ടെത്തിയവ നക്ഷത്രങ്ങളല്ല, ഗ്രഹങ്ങളാണ്‌-വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍. സുപ്രധാനമായ ഈ കണ്ടെത്തലിനൊപ്പം താന്‍ നടത്തിയ ആകാശനിരീക്ഷണങ്ങളുടെ ഫലം 1610 മാര്‍ച്ചില്‍ ഗലീലിയോ ഒരു പുസ്‌തകമായി പ്രസിദ്ധീകരിച്ചു; 'ദി സ്റ്റാറി മെസെഞ്ചര്‍' (നക്ഷത്രങ്ങളില്‍നിന്നുള്ള സന്ദേശം-Sidereus Nuncius). ജ്യോതിശ്ശാസ്‌ത്ര ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിലൊന്നായി വെറും 24 പേജുള്ള ആ പുസ്‌തകം പില്‍ക്കാലത്ത്‌ വിലയിരുത്തപ്പെട്ടു. യൂറോപ്പിലെങ്ങും ഗലീലിയോയെ അത്‌ പ്രശസ്‌തനാക്കി (അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ ആ ചെറുഗ്രന്ഥം ചൈനീസ്‌ ഭാഷയിലേക്കുപോലും വിവര്‍ത്തനം ചെയ്യപ്പെട്ടു). ഗലീലിയോയുടെ ജന്മനാടിന്‌ ഇത്‌ വലിയ ഖ്യാതിയാണ്‌ നല്‍കിയത്‌.
ടസ്‌കനിപ്രഭു കോസിമോ രണ്ടാമന്‍ ഡി മെഡിസിക്ക്‌ തന്റെ പുസ്‌തകം സമര്‍പ്പിച്ച ഗലീലിയോ, വ്യാഴത്തിന്റെ ചന്ദ്രന്‍മാര്‍ക്ക്‌ മെഡിസി കുടുംബത്തിന്റെ പേരാണ്‌ നല്‍കിയത്‌-'മെഡിസിയന്‍ താരങ്ങള്‍' എന്ന്‌. ഗലീലിയോ സമ്മാനിച്ച ടെലസ്‌കോപ്പിന്റെ സഹായത്തോടെ ജോഹാന്നസ്‌ കെപ്ലര്‍ വ്യാഴത്തിന്റെ ചന്ദ്രന്‍മാരുടെ കാര്യം സ്ഥിരീകരിച്ചിരുന്നു. കെപ്ലറുടെ നിര്‍ദേശപ്രകാരം സിമോണ്‍ മാരിയസ്‌ ആണ്‌ വ്യാഴത്തിന്റെ നാല്‌ ചന്ദ്രന്‍മാര്‍ക്ക്‌ ഗ്രീക്കില്‍ നിന്നുള്ള ഇയോ, കാലിസ്‌റ്റോ, ഗാനീമീഡ്‌, യൂറോപ്പ എന്നീ പേരുകള്‍ 1614 ഇട്ടത്‌. (ഗലീലിയോ നിരീക്ഷിക്കുന്നതിന്‌ ഏതാനും ആഴ്‌ചകള്‍ക്ക്‌ മുമ്പ്‌ സിമോണ്‍ മാരിയസ്‌ വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെ നിരീക്ഷിച്ചിരുന്നെങ്കിലും, കണ്ടെത്തല്‍ ആദ്യം പ്രസിദ്ധീകരിച്ച വ്യക്തിയെന്ന നിലയ്‌ക്കാണ്‌ ഗലീലിയോയുടെ പേരില്‍ അവ അറിയപ്പെടുന്നത്‌). ഗ്രീക്ക്‌ പേരുകള്‍ പില്‍ക്കാലത്ത്‌ അംഗീകരിക്കപ്പെട്ടു. 1800-കളുടെ പകുതി മുതല്‍ 'ഗലീലയന്‍ ഉപഗ്രഹങ്ങള്‍' എന്ന്‌ അവ അറിയപ്പെട്ടു.

പ്രപഞ്ച മാതൃക

നിരീക്ഷണം, പരീക്ഷണം, ഗണിതവത്‌ക്കരണം-ഇവയാണ്‌ ശാസ്‌ത്രത്തിന്റെ പണിയായുധങ്ങളെന്ന്‌ ലോകത്തിന്‌ ആദ്യമായി കാട്ടിക്കൊടുത്തത്‌ ഗലീലിയോ ആണ്. 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത്‌ ഗണിതസമവാക്യങ്ങളാലാണെ'ന്ന് അദ്ദേഹം പ്രസ്താവിച്ചു. പ്രപഞ്ചരചനയില്‍ ഉപയോഗിച്ചിട്ടുള്ള ആ ഗണിതസമവാക്യങ്ങള്‍ ഏതാണെന്ന്‌ ലോകത്തിന്‌ പറഞ്ഞു കൊടുത്ത സാക്ഷാല്‍ ഐസക്‌ ന്യൂട്ടണ്‍ പോലും ഗലീലിയോ നിര്‍മിച്ച അടിത്തറയില്‍ നിന്നാണ്‌ ശാസ്‌ത്രത്തെ കെട്ടിപ്പൊക്കിയത്‌. നിലവിലുള്ള വസ്‌തുതകളെയും വിശ്വാസങ്ങളെയും ചോദ്യംചെയ്‌തും തിരുത്തിയും മാത്രമേ ശാസ്‌ത്രത്തിന്‌ മുന്നേറാന്‍ കഴിയൂ എന്ന്‌ ഗലീലിയോ തന്റെ ജീവിതംകൊണ്ട്‌ തെളിയിച്ചു. താരാപഥത്തിലെ പല ഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം പഠിച്ചു.
കോപ്പര്‍നിക്കസ്സിന്റെ ദര്‍ശനങ്ങളില്‍ പലതും അദ്ദേഹം സമര്‍ത്ഥിച്ചുകാണിച്ചു. ഭൂമി പ്രപഞ്ചത്തിന്റെ കേന്ദ്രമല്ലന്നും സൗരയൂഥത്തിലെ ഒരു ഗോളമാണെന്നും കോപ്പര്‍നിക്കസ്സ് പറഞ്ഞിരുന്നു. ഗലീലിയോ അത് ആദ്യമായി തെളിയിച്ചു. സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രമെന്നും ഭൂമി അതിനു ചുറ്റും കറങ്ങുകയാണെന്നും അദ്ദേഹം വാദിച്ചു. ഈ ദര്‍ശനങ്ങള്‍ ചേര്‍ത്ത് അദ്ദേഹം ഒരു പുസ്തകം രചിച്ചു.
രണ്ടുതവണ വിട്ടുപോന്ന പിസ സര്‍വകലാശാലയിലാണ്‌ വാനനിരീക്ഷണം ഗലീലിയോയെ വീണ്ടുമെത്തിച്ചത്‌. ജന്മനാടിന്‌ ഖ്യാതി നേടിക്കൊടുത്തവന്‍ എന്ന നിലയ്‌ക്ക്‌ വാഗ്‌ദാനം ചെയ്യപ്പെട്ട പിസ സര്‍വകലാശാലയിലെ മുഖ്യഗണിതശാസ്‌ത്രജ്ഞന്‍ പദവി ഗലീലിയോ സ്വീകരിച്ചു. ടസ്‌കനിപ്രഭുവിന്റെ ആസ്ഥാനശാസ്‌ത്രജ്ഞന്‍ എന്ന ആയുഷ്‌ക്കാല പദവിയും നല്‍കപ്പെട്ടു. പ്രതിവര്‍ഷം 1000 ക്രൗണ്‍ ശമ്പളം. ക്ലാസെടുക്കേണ്ട ചുമതലയില്ല. 1610 മെയിലായിരുന്നു അത്‌. പാദുവ സര്‍വകലാശാലയില്‍ വര്‍ധിപ്പിച്ച ശമ്പളം താന്‍ കൈപ്പറ്റിത്തുടങ്ങിയിട്ടില്ലാത്തിനാല്‍, വെനീസിനോട്‌ തനിക്ക്‌ വലിയ ബാധ്യതയൊന്നുമില്ല എന്ന നിലപാടാണ്‌ ഗലീലിയോ സ്വീകരിച്ചത്‌. ആ ഒക്ടോബറില്‍ 18 വര്‍ഷത്തിന്‌ ശേഷം ഗലീലിയോ വീണ്ടും ഫ്‌ളോറന്‍സില്‍ തിരികെയെത്തി.
1610 ഒക്ടോബറില്‍ ഫ്‌ളോറന്‍സില്‍ എത്തി അധികം കഴിയുംമുമ്പ്‌ ശുക്രന്‌ ചന്ദ്രന്റേതുപോലെ വൃദ്ധിക്ഷയങ്ങള്‍ ഉള്ളതായി ഗലീലിയോ കണ്ടെത്തി. സൂര്യനെ ശുക്രന്‍ പരിക്രമണം ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത്‌ സാധ്യമാകൂ എന്നും അദ്ദേഹം അനുമാനിച്ചു. ഭൂമിയെയല്ല, സൂര്യനെയാണ്‌ ശുക്രന്‍ പരിക്രമണം ചെയ്യുന്നത്‌ എന്നാണ്‌ ഇതിനര്‍ഥം. കോപ്പര്‍നിക്കസിന്റെ സൂര്യകേന്ദ്രസിദ്ധാന്തം ശരിയാണെന്നുള്ളതിന്‌ ശക്തമായ തെളിവായി ശുക്രന്റെ വൃദ്ധിക്ഷയങ്ങളുടെ കണ്ടെത്തല്‍. എന്നാല്‍, കടുംപിടത്തക്കാര്‍ ഇതൊന്നും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. അവര്‍ ആകാശം കുറ്റമറ്റതും ഭൂമി പ്രപഞ്ചകേന്ദ്രവുമാണെന്ന വ്യവസ്ഥാപിത വിശ്വാസത്തില്‍ കടിച്ചുതൂങ്ങി.

സൂര്യകളങ്കങ്ങള്‍, ശനിയുടെ വലയങ്ങള്‍

പാദുവ വിടുന്ന സമയത്ത്‌ ശനി ഗ്രഹത്തിന്‌ എന്തോ ഒരു അസാധാരണത്വം ഗലീലിയോ നിരീക്ഷിച്ചിരുന്നു. അത്‌ ശനിയുടെ വലയങ്ങളാണെന്ന്‌ വ്യക്തമാകാന്‍ ലോകം ക്രിസ്‌ത്യാന്‍ ഹൈജന്‍സിന്റെ വിശദീകരണം ലഭിക്കും വരെ കാക്കേണ്ടിയിരുന്നു. ഫ്ളോറന്‍‍സില്‍ വച്ചായിരുന്നു ഗലീലിയോ സൂര്യകളങ്കങ്ങള്‍ നിരീക്ഷിച്ചത്. എന്നാല്‍ മറ്റു ചില ശാസ്ത്രജ്ഞന്മാര്‍ ഗലീലിയോയ്ക്കും മുന്‍പേ അതു കണ്ടെത്തിയിരുന്നു.

അവസാന നാളുകള്‍

ഗലീലിയോയുടെ പില്‍ക്കാല ജീവിതം രോഗപീഢകളാല്‍ ദുരിതമയമായിരുന്നു. മുമ്പുതന്നെ സന്ധിവാതം ഉണ്ടായിരുന്ന അദ്ദേഹത്തിന്‌ ഹെര്‍ണിയ കൂടി പിടികൂടി. 1617-ല്‍ ഫ്‌ളോറന്‍സിന്‌ പടിഞ്ഞാറ്‌ മലഞ്ചെരുവിലെ 'ബെല്ലോസ്‌ഗ്വാര്‍ഡോ'യെന്ന്‌ പേരുള്ള കൊട്ടാരസദൃശമായ വസതിയിലേക്ക്‌ താമസം മാറ്റി. അടുത്തുള്ള അര്‍സെട്രി കോണ്‍വെന്റിലാണ്‌ അദ്ദേഹത്തിന്റെ പെണ്‍മക്കളായ വിര്‍ജിനിയയും ലിവിയയും ചേര്‍ന്നിരുന്നത്‌. അവരെ ഇടയ്‌ക്ക്‌ കാണാന്‍ സൗകര്യമൊരുക്കുന്നതായിരുന്നു പുതിയ വസതി. 1618-ല്‍ മൂന്ന്‌ വാല്‍നക്ഷത്രങ്ങള്‍ പ്രത്യക്ഷപ്പെട്ടത്‌ ബെനഡിക്ടന്‍ പാതിരിമാരുമായി മറ്റൊരു വിവാദത്തിനിടയാക്കി. വാല്‍നക്ഷത്രങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച്‌ ബനഡിക്ടന്‍ പാതിരിമാര്‍ എഴുതിയത്‌ ഇലിയഡ്‌ പോലുള്ള സാങ്കല്‍പ്പിക സംഗതികളാണെന്ന്‌ ഗലീലിയോ കളിയാക്കി. വാല്‍നക്ഷത്രങ്ങളെക്കുറിച്ച്‌ ഗലീലിയോ രചിച്ച 'ദി അസ്സയര്‍' എന്ന ഗ്രന്ഥത്തിലാണ്‌ ഈ പരിഹാസം നടത്തിയത്‌ (ദൗര്‍ഭാഗ്യവശാല്‍ വാല്‍നക്ഷത്രങ്ങളെപ്പറ്റി ഗലീലിയോ എഴുതിയതും തെറ്റായിരുന്നു). 'പ്രപഞ്ചം രചിക്കപ്പെട്ടിരിക്കുന്നത്‌ ഗണിതസമവാക്യങ്ങളാലാണെന്ന' പ്രസിദ്ധമായ പ്രസ്‌താവം ഈ ഗ്രന്ഥത്തിലാണുള്ളത്‌.
1620-കളില്‍ മുപ്പതുവര്‍ഷ യുദ്ധം താത്‌ക്കാലികമായി കത്തോലിക്കവിഭാഗത്തിന്‌ അനുകൂലമായി മാറി. ഇറ്റലിയിലാകെ രാഷ്ട്രീയ സാഹചര്യം മാറി. ഗലീലിയോയുടെ ജീവിതത്തെ നാടകീയമായി സ്വാധീനിക്കത്തക്കവിധമായിരുന്നു ഈ മാറ്റങ്ങള്‍. 1621-ല്‍ റോമും ഗലീലിയോയും തമ്മിലുള്ള വിവാദവുമായി അടുത്ത്‌ ബന്ധമുള്ള മൂന്ന്‌ സുപ്രധാന വ്യക്തികള്‍ മരിച്ചു-പോള്‍ ആറാമന്‍ മാര്‍പാപ്പയും, ഗലീലിയോയെ അടുത്തറിയാവുന്ന കര്‍ദിനാള്‍ ബല്ലാര്‍മിനും, ഗലീലിയോയെ എന്നും സംരക്ഷിച്ചു പോന്ന ടസ്‌കനിപ്രഭുവായ കോസിമോ രണ്ടാമനും (മുപ്പതാം വയസ്സില്‍). ടസ്‌കനിയുടെ ഭരണച്ചുമതല കോസിമോയുടെ ഭാര്യയുടെയും അമ്മയുടെയും ചുമലിലായി (ടസ്‌കനിയുടെ അനന്തരാവകാശിയായ ഫെര്‍ഡിനാന്‍ഡോ രണ്ടാമന്‌ അന്ന്‌ പ്രായം വെറും 11 വയസ്സ്‌). ഇറ്റാലിയന്‍ രാഷ്ട്രിയത്തില്‍ ടസ്‌കനിക്കുണ്ടായിരുന്ന സ്വാധീനം ക്ഷയിച്ചു. റോമിനെ എതിര്‍ത്തുകൊണ്ട്‌ ആരെയും സംരക്ഷിക്കാന്‍ കഴിയാത്ത സ്ഥിതിയിലായി ഗലീലിയോയുടെ ജന്മനാട്‌ എന്നുസാരം. അടുത്ത മാര്‍പാപ്പ ഗ്രിഗറി പതിനഞ്ചാമന്‍ 1623-ല്‍ അന്തരിച്ചു. മരിക്കുന്നതിന്‌ തൊട്ടുമുമ്പ്‌ 'ദി അസ്സയര്‍' പ്രസിദ്ധീകരിക്കാന്‍ ഗലീലിയോയ്‌ക്ക്‌ മാര്‍പാപ്പ അനുമതി നല്‍കിയിരുന്നു.

അന്ത്യം

1637-ഓടുകൂടി അദ്ദേഹത്തിന്റെ കാഴ്ച്ച നശിച്ചു. 1638 മുതല്‍ വിന്‍സെന്‍സിയോ വിവിയാനി എന്നയാള്‍ ഗലീലിയോയുടെ സഹായിയായി. അദ്ദേഹത്തിന്റെ ആദ്യ ജീവചരിത്രം രചിച്ചതും വിവിയാനിയാണ്‌. ഗലീലിയോയെക്കുറിച്ച്‌ പില്‍ക്കാലത്ത്‌ പ്രചരിച്ച നിറംപിടിപ്പിച്ച പല മിത്തുകളുടെയും സൃഷ്ടാവ്‌ വിവിയാനിയാണ്‌. 1642ല്‍

(വിക്കിപ്പീഡിയായോട്കടപ്പാട്)



പ്രിയപ്പെട്ട ശാസ്ത്രപ്രവര്‍ത്തകരെ,
ഇത് ശാസ്ത്ര പ്രചരണത്തിനുള്ള ഒരു എളിയ ഉപാധിയാണ്. കൂട്ടായ്മയുടെ സന്ദേശം കൂടി ഇത് പകരുന്നു. എല്ലാവരും ഒത്തുകൂടി ഈ അവസരത്തെ പ്രയോജനപ്പെടുത്തി സമൂഹത്തെ ശാസ്ത്രത്തിന്റെ ആയുധമണിയിക്കുക. ഈ ശ്രമത്തില്‍ ഞങ്ങളോടൊപ്പം നിങ്ങളും ഉണ്ടാകുമെല്ലോ?
പ്രതീക്ഷകളോടെ
ടുഡേപ്രവര്‍ത്തകര്‍